Friday 21 August, 2009

കൊമ്മന്‍ചേരി കോളനി









ഇത് കൊമ്മന്‍ചേരി കോളനി .വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കുറിച്യാട്ട് വനമേഖലയില്‍ ആറു കിലോമീറ്ററോളം ഉള്വനത്തിലേക്ക് പോയാല്‍ എത്തിച്ചേരുന്ന ഇടം.പട്ടിണിയും പരിവട്ടവുമായി
കഴിയുന്ന എട്ടോളം കുടുംബങ്ങളുണ്ട് ഇവിടെ..... വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജന്മിമാരുടെ തോട്ടം നോക്കാനായി എത്തിയതായിരുന്നു ഇവരുടെ പൂര്‍വികര്‍..... പിന്നീട് ഇവിടം വിട്ട പോയില്ല....കാരണം പോകാന്‍ സ്വന്തമായി മണ്ണില്ലാത്തത് തന്നെ......തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കാടിന്റെ ഗന്ധം പകര്‍ന്നു കൊണ്ട് ഇവര്‍ ജീവിക്കുന്നു.....ഇപ്പോഴും....ഇവിടെ.....
..

ഈ കാടാണ് കോളനിയിലേക്കുള്ള വഴി.ചിലപ്പോള്‍ ആനയുണ്ടാകും.മറ്റു മൃഗങ്ങളും പാമ്പുമുണ്ടാകും.അതുകൊണ്ടുതന്നെ പേടിച്ച് പേടിച്ച് ആഴ്ചയില്‍ ഒരിക്കലെ ഇവര്‍ കാടിനു വെളിയില്‍ വരാറുള്ളൂ.വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് എന്തെങ്കിലും വാങ്ങും. ഉള്ളത്‌ കഴിക്കും.അല്ലാത്തപ്പോള്‍ പട്ടിണി കിടക്കും...ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നതിനെപ്പറ്റി ഇവര്‍ക്കറിയില്ല.ആദിവാസികളുടെ പേരില്‍ അധികാരികള്‍ തിന്നുമുടികുന്ന കാശിനെപ്പറ്റിയും ഇവര്‍ക്കറിയില്ല.....കാടിനു വെളിയില്‍ ഒരു ലോകമുന്ടെന്നത് പോലും മറന്നു പോയ ഒരു കൂട്ടം മനുഷ്യര്‍....
ഇവിടുത്തെ കൊടും പട്ടിണിയുടെ നേര്‍ക്കാഴ്ചയാണ്‌ ഈ
.അമ്മയുടെ മെലിഞ്ഞകൈകള്‍ക്കുള്ളില്‍ നിരാശ നിറഞ്ഞ പ്രതീക്ഷയോടെ .......
ഇത് മാതന്‍ മൂപ്പനും ഭാര്യയും.
വര്‍ഷങ്ങളായി കോളനിയിലെ താമസക്കാരാണ് ഈ വൃദ്ധ ദമ്പതികള്‍. പച്ചമരുന്നുകളും കാട്ടുതേനും വെളിയില്‍ കൊണ്ടുപോയി വില്‍ക്കാറു‍ണ്ടായിരുന്നു കുറച്ചുകാലം മുന്‍പുവരെ..എന്നാല്‍ ഇപ്പോള്‍ തീരെ വയ്യ.കൊടുംപട്ടിണിക്കൊപ്പം ബീഡി രോഗവും അലട്ടുന്നുണ്ട്.കോളനിയിലെ
ചെറുപ്പക്കാര്‍ക്കുപോലും
കാടുകടന്നു വെളിയിലേക്ക് പോകാന്‍ പേടിയാണ്.ഇവര്‍
അനുഭവിക്കുന്ന പട്ടിണിയുടെ മുഖ്യ കാരണവും ഇതുതന്നെ.
ഇതു ആതിര.പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മൂന്നു ദിവസം മുന്‍പാണ് ഞങ്ങള്‍ കോളനിയിലെത്തിയത്.ചോദിച്ചപ്പോള്‍ ആതിരക്ക്‌ സ്കൂളില്‍ പോകണമെന്നുണ്ട്.പക്ഷെ ആന ഇറങ്ങുന്ന വഴിയാണ്.സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ സ്കൂള്‍....അതുകൊണ്ട്.....
ആതിര മാത്രമല്ല .കാടിനേയും ആനയെയും പേടിയുള്ളതുകൊണ്ട് ഇവരും...
അധികാരികള്‍ ആരും തിരിഞ്ഞു നോക്കാറില്ല ഇവിടെ.കാടു കടന്നു കോളനിയിലെക്കെത്താന്‍ സമയമില്ലാത്തതുകൊണ്ടാകാം.കൂരകള്‍ക്കുള്ള നംബര്‍ ബോര്‍ഡ്‌ കാടിനു വെളിയിലുള്ള കടകളില്‍ ഏല്പിക്കും.പലപ്പോഴും അതില്‍ പതിഞ്ഞ വീട്ടുനമ്പര്‍ സരിയാകാറില്ല.എഴുത്തും വായനയും അറിയാത്തതുകൊണ്ട് തെറ്റിയത് വായിച്ചു മനസ്സിലാക്കാന്‍ ഇവര്ക്ക് കഴിയാറുമില്ല.അതുകൊണ്ട് തന്നെ റേഷന്‍ കാര്‍ഡിലും തിരിച്ചറിയല്‍ കാര്‍ഡിലും ഇവര്‍ ആണ് പെണ്ണായും പെണ്ണ് ആണായും ജീവിക്കുന്നു....
ഇത്‌ കോളനിക്കാരുടെ ദൈവമാണ്...കുളിയന്‍ മുത്തപ്പന്‍ .......ഉറക്കത്തെ കീറിമുറിച്ച് ഒറ്റയാന്‍റെ ചിന്നംവിളി ഉയരുമ്പോള്‍ ഇവര്‍ മുത്തപ്പനെ വിളിക്കും.പിന്നെ ചെണ്ടകൊട്ടിയുംപന്തം കത്തിച്ചും അവനെ തുരത്തിയോടിക്കുന്നത് വരെ ഒപ്പം മുത്തപ്പനും ഉണ്ടാകും.കള്ളും ഇറച്ചിയും നേദിക്കാനില്ലെന്കിലും മുത്തപ്പന്‍ നമ്മെ കൈവിടില്ലെന്ന് ഇവരുടെ ഉറച്ച വിശ്വാസം..... ഒരു പുരുഷായുസ്സു മുഴുവന്‍ കാട്ടില്‍ ജീവിക്കേണ്ടി വന്നവന്റെ വേദനയാണ് ഈ കണ്ണുകളില്‍.....ഒരു പക്ഷെ വിശന്നു തീരുന്ന പകലുകല്‍ക്കൊടുവില്‍ ഈ നരച്ച കണ്ണുകളും കാണുന്നുണ്ടാകാം.....ജീവിതം ഒരു കാടു പോലെ പൂത്തുലയുന്ന സ്വപ്നം....വെറുതെയെങ്കിലും.....

My Blog List