Sunday 21 February, 2010

ഇത് അപ്പണ്ണയുടെ കാട്.....

കാടു കയറുമ്പോള്‍ ഞങ്ങള്ക്കറിയില്ലായിരുന്നു അവിടെ അപ്പണ്ണയുണ്ടെന്ന്........മുന്താരി എന്ന കാടിനു നടുവിലെ നാടിനെ കുറിച് ഒരു പാടു പറഞ്ഞു തരുമ്പോള്‍ അനീഷിനും അറിയില്ലായിരുന്നു അവിടെ അപ്പണ്ണയുണ്ടെന്ന്......ഒടുവില്‍ കിലുകിലെ ചിരിച്ചുകൊണ്ട് ഞങ്ങള്‍ക്ക് കാടിന്‍റെ കഥ പറഞ്ഞുതന്നു അപ്പണ്ണ.. ....പോരാന്‍ നേരം ഒരു മുഷിഞ്ഞ കടലാസില്‍ പൊതിഞ്ഞു കുറെ പഴങ്ങളും തന്നു...കാടിന്ടെ മധുരം നുകരാന്‍......
നൂറു കൊല്ലത്തെ പഴക്കമുണ്ട് അപ്പണ്ണയുടെ ജീവിതത്തിന്....ഒന്‍പതാമത്തെ വയസ്സില്‍ അച്ഛന്‍റെ കയ്യും പിടിച് കാട്ടിലെത്തിയതാണ് മുന്താരിയുടെ കാവല്‍ക്കാരന്‍...അന്ന് വെള്ളക്കാരുടെ കൃഷി ഭൂമിയായിരുന്നു ഇവിടം..നാലുവശവും കാടിനാലും മലകളാലും ചുറ്റപ്പെട്ട് ഒട്ടനവധി നീര്‍ച്ചാലുകളും മറ്റു ജലസ്രോതസ്സുകളും നിറഞ്ഞ ഇവിടെ ഏലം സമൃദ്ധമായി വളര്‍ന്നിരുന്നു.കര്‍ണാടകയിലെ കുടക് ഗ്രാമത്തില്‍ നിന്നുള്ള കീഴാളരായിരുന്നു ഭൂമിക്ക് കാവല്‍ .അങ്ങനെ മനുഷ്യവാസ പ്രദേശ ത്തുനിന്നും മുപ്പതു മൈല്‍ അകലെ കൊടുംകാട്ടില്‍ അച്ഛനൊപ്പം കാവലിനായി എത്തി കുട്ടിയായ അപ്പണ്ണ.ക്രൂരമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തുന്ന കാട്ടില്‍ അച്ഛന്‍ കൂടെയുണ്ടെങ്കിലും പേടി വിട്ടുമാറിയിരുന്നില്ല അപ്പണ്ണക്ക്.എന്നാല്‍ പെരുമഴപെയ്ത ഒരു ദിവസം മലയിറങ്ങിപ്പോയ അച്ഛന്‍ പിന്നീടൊരിക്കലും തിരിച്ചു വരാതായപ്പോള്‍ അപ്പണ്ണ അറിഞ്ഞു...താന്‍ പിറന്നത് കാടിന് വേണ്ടിയെന്ന്.
പിന്നീടങ്ങോട് കാടിനൊപ്പമായി അപ്പണ്ണയുടെ വളര്‍ച്ച.തിന്നാനും കുടിക്കാനും ആവോളം കൊടുത്ത് കാടവനെ സംരക്ഷിച്ചു.കാട്ടുമൃഗങ്ങള്‍ അപ്പണ്ണക്ക് കൂട്ടുകാരായി.പതുക്കെ പതുക്കെപ്പതുക്കെ വീടിനെക്കുറിച്ചുള്ള ഓര്‍മകളും അയാളില്‍ നിന്നകന്നു. വെള്ളക്കാരില്‍ നിന്നും പതിച്ചു കിട്ടിയ കൃഷി ഭൂമിക്ക് സമീപം ഒരു കുന്നിന്റെ മുകളില്‍ ചെറുതായി ഒരു മാടം വച്ചുകെട്ടി . മണ്ണിനെ പുണര്‍ന്നു കൊണ്ട് അന്ന് തുടങ്ങിയ ജീവിതം ഇന്നും തുടരുന്നു.അതിരാവിലെ തന്നെ കൃഷിഭൂമിയിലോട്ടിറങ്ങും.കാട്ടിലെ വളക്കൂര്‍ ഏറിയ കറുത്ത മണ്ണില്‍ സ്വന്തം വിയര്‍പ്പു ചാലിച്ച് നട്ട ചേമ്പും ചേനയും.ഇന്നിപ്പോള്‍ അപ്പണ്ണക്ക് വേണ്ടതെല്ലാം കാട്ടിലുണ്ട് ..ചേമ്പും ചേനയും കാച്ചിലും കുരുമുളകും കപ്പയും വാഴയുമെന്നുവേണ്ട എല്ലാം...കാട്ടുമൃഗങ്ങളെ മുഖത്തോടു മുഖം കണ്ട അനുഭവങ്ങളും ഒരു പാടുണ്ട് അപ്പണ്ണക്ക്...ചീറിക്കൊണ്ട്പാഞ്ഞടുത്ത പുലിയെ തീക്കൊള്ളി കാട്ടി പറഞ്ഞയച്ചതും മലയിറങ്ങി വന്ന കരടിക്കുട്ടനെ വിരട്ടിയോടിക്കാന്‍ കഴിയാതെ മണിക്കൂറുകളോളം വീടിനകത്ത് കഴിഞ്ഞതും പൊട്ടിച്ചിരിച്ചു കൊണ്ടാണ് അപ്പണ്ണ പറഞ്ഞത്.ഒരിക്കല്‍ പണി കഴിഞ്ഞു വീടെത്തിയപ്പോള്‍ കണ്ട കാഴ്ച അതീവ രസകരമായിരുന്നു.മാടത്തിന്റെ കോലായിലെ ഇളം തണുപ്പില്‍ സുഖസുഷുപ്തിയിലാണ്ട് കിടക്കുകയാണ് പുലിയമ്മയും മക്കളും.ചെറിയൊരു ശബ്ദം പോലുമുണ്ടാക്കാതെ പിന്നാം പുറത്തൂടെ വീട്ടിനകത്തേക്ക്‌ കടന്നു.ഒടുവില്‍ തന്ടെ സാന്നിധ്യമറിഞ്ഞിട്ടാകണം യാതൊരു പ്രകൊപനവുമുണ്ടാക്കാതെ അവര്‍ കാട്ടിലേക്ക് മറയുന്നതും അപ്പണ്ണ കണ്ടു.
തന്നെ തിരക്കി എത്തുന്നവര്‍ നേരെയങ്ങ് വീട്ടിലേക്കു കയറുന്നത് അപ്പണ്ണക്ക് ഇഷ്ടമല്ല. കുന്നിനു താഴെ നിന്ന് പേര് ചൊല്ലി വിളിക്കണം.അപ്പണ്ണ വിളികേട്ടാല്‍ മാത്രം വീട്ടിലേക്കു പ്രവേശനം.കാവല്‍ക്കാരന്‍ അറിയാതെ കാട് തീണ്ടരുതെന്ന ആ പഴയ നിയമം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു അപ്പണ്ണ.കുന്നു കയറിയാല്‍ പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് സ്വീകരണം.ചിലപ്പോള്‍ പഴങ്ങളോ കാട്ടില്‍ നിന്നുള്ള തേനോ കൊടുക്കും വിരുന്നു കാരന്....തരുന്നത് ഞാനല്ല അമ്മയാണെന്ന ആത്മഗതം.അമ്മ മറ്റാരുമല്ല, ഒന്‍പതു വയസ്സ് മുതല്‍ തന്നെ തീറ്റി പോറ്റുന്ന പ്രിയപ്പെട്ട കാടു തന്നെ....
വെള്ളക്കാര്‍ക്കു ശേഷം തുളുനാട്ടിലെ ജന്മിമാരായിരുന്നു മുന്താരിയുടെ അവകാശികള്‍. അതിനു ശേഷമാണ് തെക്കന്‍ കേരളത്തില്‍ നിന്നും മലയാളികള്‍ മുന്താരിയിലെത്തുന്നത്.ഏകദേശം അന്‍പത വര്‍ഷങ്ങള്‍ക്ക് മുന്‍പ്...തടര്‍ന്നാണ് മുന്താരി ഇന്ന് കാണുന്ന രൂപത്തില്‍ ഒരു പരിഷ്കൃതഗ്രാമമായത്.എന്നാലും അന്ന് കണ്ട രൂപത്തില്‍ നിന്ന് അപ്പണ്ണക്ക് മാത്രം തെല്ലും മാറ്റമില്ലെന്ന് ഇവിടുത്തെ ആദ്യകാല കുടിയേറ്റക്കാര്‍ പറയുന്നു.വടക്കന്‍ കേരളത്തിലെ ഒരു അതിര്‍ത്തിഗ്രാമമായ,കണ്ണൂര്‍ ജില്ലയിലെ കാനാമ്പുഴയില്‍ നിന്ന് മൂന്നു മണിക്കൂറോളം കാട്ടിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍.വാഹന സൌകര്യത്തിനായി ഒരു ചെറിയ റോഡു നിര്‍മിച്ചത് പകുതിവരെ മാത്രം.വഴിയിലെ പാറക്കെട്ടുകളും അരുവികലുമായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള റോഡു നിര്‍മാണത്തിന് തടസ്സമായത്.പൂര്‍വികരുടെ പാത പിന്തുടര്‍ന്നു കൊണ്ട് കൃഷി തന്നെയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം.കൊടുംകാടിനെ നോവിക്കാതെ ഓരോരുത്തരും സ്വന്തം മണ്ണില്‍ ആവോളം അദ്ധ്വാനിക്കുന്നു.മണ്ണില്‍ പൊന്നു വിളയിച്ചവരാണ് ഇവിടുത്തെ മനുഷ്യര്‍.ഏലവും കാപ്പിയും കുരുമുളകും വാഴയും ഒടുവില്‍ റബ്ബര്‍ വരെ തഴച്ചു വളരാന്‍ തുടങ്ങിയിരിക്കുന്നു ഈ മണ്ണില്‍.വിളകള്‍ തലച്ചുമടായി വേണം കാടിന് വെളിയിലെക്കെത്തിക്കാന്‍.പ്രയമിത്രയയെങ്കിലും അപ്പണ്ണയും ചിലപ്പോളൊക്കെ ഇവര്‍ക്കൊപ്പം കാടിറങ്ങാറുണ്ടത്രെ...
.
നാട്ടിലേക്ക് തിരിച്ചു പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അപ്പണ്ണയുടെ മറുപടി ഇതായിരുന്നു "വേഗം മരിക്കാന്‍ പൂതിയില്ല..."എങ്കിലും കേരളത്തില്‍ നിന്നും കുടിയേറ്റക്കാര്‍ വന്നു തുടങ്ങിയപ്പോള്‍ തെല്ലൊരു ഭയമുണ്ടായിരുന്നു അപ്പണ്ണക്ക്.കാട് കൈവിട്ടു പോകുമോ എന്ന്.എന്നാല്‍ കാടിനെ തെല്ലും നോവിക്കാതെ ഇവിടെ ഒരു നാടിനെ ഉണ്ടാക്കി എടുത്തപ്പോള്‍ അപ്പണ്ണക്ക് ഏറെ പ്രിയപ്പെട്ടവരായി അവര്‍ .നാട്ടിലെ ഒട്ടുമിക്ക സൌകര്യങ്ങളും നാടിനെക്കാള്‍ ഏറെ മുന്നേ സ്വന്തമാക്കിയവരാന് മുന്താരിക്കാര്‍ ‍.അരുവികളിലെ വെള്ളമുപയോഗിച് വൈദ്യുതിയുണ്ടാക്കി പരിസ്ഥിതിയെ ഒട്ടും നോവിക്കാതെ കൃഷിക്കാവശ്യമായ വെള്ളം ഇവര്‍ കണ്ടെത്തുന്നു.ഈ വൈദ്യുതിയില്‍ തന്നെ ഫാനും മിക്സിയും ടെലിവിഷനും പ്രവര്‍ത്തിപ്പിക്കുന്നു.കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് മുന്താരിക്കാരെ അലട്ടുന്ന ഏക പ്രശ്നം.പുറം നാട്ടിലെ കോണ്‍വെന്ടുകളില്‍ പാര്‍പ്പിച്ചാണ് ഇവര്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്.പുറം ലോകത്തെതാനുള്ള പ്രയാസവും കാടിനോടിണങ്ങി ജീവിക്കാനുള്ള മടിയും കാരണം പലരും ഇപ്പോള്‍ ഇവിടം വിട്ടു പോകുന്നുണ്ട്.പോകുന്നവര്‍ അപ്പണ്ണയെ കണ്ടു യാത്ര പറയും.തന്നെ വന്നു കാണാതെയും തന്നോടു യാത്ര പറയാതെയും ആരും ഇവിടം വിട്ടു പോകാറില്ലെന്നുപറയുമ്പോള്‍ അപ്പണ്ണയുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ തിളക്കം. .. ഒന്ന് കൂടി അപ്പണ്ണ പറഞ്ഞു..."ഇവിടെ ശേഷിക്കുന്നവര്‍ അത്യാര്‍ത്തി തീരെ ഇല്ലാത്തവരാണ്.കാടിനെ വല്ലാതെ സ്നേഹിക്കുന്നവരാന്"....ഇങ്ങനെയുള്ളവരെ ഉപേക്ഷിച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ അപ്പണ്ണക്കെങ്ങനെ കഴിയും.....ഇവരെയായിരിക്കില്ലേ ഇത്രയും നാള്‍ ഇയാള്‍ കാത്തിരുന്നിട്ടുണ്ടാവുക ..... കാടിറങ്ങുകയായിരുന്നു ഞങ്ങള്‍.വിശപ്പും ദാഹവും കാരണം നന്നേ തളര്‍ന്നിരുന്നു.ഇനിയും മൂന്നു മണിക്കൂര്‍ കൊടും കാട്ടിലൂടെ നടക്കണം.വഴിയിലെ പാറക്കെട്ടിലിരുന്നു അപ്പണ്ണ തന്ന പഴങ്ങള്‍ കഴിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി.ഞങ്ങള്‍ അറിയുകയായിരുന്നു....നിഷ്കളങ്കതയുടെയും സ്നേഹത്തിന്ടെയും രുചി....നെഞ്ജില്‍ നിറയുകയായിരുന്നു...ജീവിതമെന്ന മഹാവിപിനത്തിന്ടെ അറിയാതെ പോയ അര്‍ഥങ്ങള്‍...........

My Blog List